bilal2772@gmail.com
-
- അകത്തിട്ടാൽ പുറത്തിറിയാം.
- ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്.[1]
-
- അകത്ത് കണ്ടത് പുറത്ത് പറയില്ല.
- കർണ്ണാടകത്തിലെ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ[2] പൂജാരികൾ സ്ഥാനമേൽക്കുമ്പോൾ ചൊല്ലുന്ന സത്യപ്രതിജ്ഞാവാചകം. എല്ലാ രാത്രിയിലും ദേവന്മാർ തന്നെ വന്നു പൂജ നടത്തുമെന്നു കരുതപ്പെടുന്ന ആ ക്ഷേത്രത്തിൽ പൂജാനുസംബന്ധിയായ വിവരമൊന്നും പുറത്താരേയും അറിയിക്കയില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ പൂജാരികളെ നിയമിച്ചിരുന്നുള്ളൂ. ശുചീന്ദ്രം,[3]തിരുവല്ല[4] എന്നീ ക്ഷേത്രങ്ങളെക്കുറിച്ചും ഇത്തരം ചൊല്ലുണ്ടെന്ന് പറയപ്പെടുന്നു.
-
- അകത്ത് കത്തിയും പുറത്ത് പത്തിയും.
- ദുഃസ്വഭാവം; മനസ്സിൽ വെറുപ്പും, പെരുമാറ്റത്തിൽ സ്നേഹപ്രകടനവും.
-
- അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും.
- നിവൃത്തിയില്ലാത്ത സാഹചര്യത്തിൽപ്പെട്ടാൽ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
-
- അകം നന്നായാൽ പുറം നന്നായി.
- മനസ്സ് നന്നായിരുന്നാൽ സൽപ്രവർത്തികൾ ചെയ്യാൻ കഴിയും.
-
- അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അരികത്തെ ശത്രു.
- ആപദ്ഘട്ടത്തിൽ സമീപവാസികളേ സഹായത്തിന്നുതകൂ.
-
- അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം.
- അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ നഷ്ടമെന്നർത്ഥം.
-
- അക്കരെ ചെല്ലണം, തോണിയും മുങ്ങണം.
- കാര്യം നിറവേറിക്കഴിയുമ്പോൾ അതിന് സഹായിച്ചവൻ നശിക്കണമെന്ന് ദുരാഗ്രഹം.
-
- അക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച.
- അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന് അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത് കൂടുതൽ ആകർഷകമായി തോന്നും.
- ഇംഗ്ലീഷ്: The grass is always greener on the other side.
-
- അങ്കവും കാണാം താളിയുമൊടിക്കാം.
- ഒരു പ്രവൃത്തി കൊണ്ട് രണ്ടോ അതിലധികമോ ലക്ഷ്യങ്ങൾ നിറവേറ്റുക.
-
- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
- ശീലിച്ചതേ പാലിക്കൂ എന്നർത്ഥം. സ്വാതന്ത്ര്യം അനുഭവിച്ചു പഠിച്ചവർ പാരതന്ത്ര്യം സഹിക്കില്ല എന്ന് ഭംഗിയായ അർത്ഥം. ഇതേ ചൊല്ല് ആരെയെങ്കിലും നിന്ദിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അലഞ്ഞു തിരിഞ്ഞ് ശീലിച്ചവർ അടങ്ങി ഒതുങ്ങി കഴിയില്ല എന്ന് നിന്ദാർത്ഥം.
-
- അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാൽ പറ്റില്ല.
- ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവർക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം കളയാൻ പറ്റുകയില്ല.
-
- അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
- ഒരുപാട് ആളുകളുടെ മുന്നിലോ അല്ലെങ്കിൽ കൂടുതൽ ശക്തരായവരുടെ അടുത്തോ ജയിക്കാനാകാതെ വരുമ്പോൾ ആ ദേഷ്യം, ദുർബലരായവരുടേയൊ അല്ലെങ്കിൽ എതിർക്കില്ലെന്നറിയുന്നവരുടെയോ മുന്നിൽ പ്രകടിപ്പിക്കുക. വേണ്ടസ്ഥാനത്ത് പൗരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
-
- അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
- കുട്ടിക്കാലത്ത് മനസ്സ് ഏതുവഴിക്കും തിരിക്കാം. പ്രായമായാൽ പ്രയാസമാണ്.
-
- അഞ്ചു വിരലും ഒരുപോലയോ?
- രേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ പോലും തമ്മിൽ വ്യത്യാസങ്ങളൂണ്ടാകാം എന്ന് ധ്വനിപ്പിക്കുന്നു.
-
- അടയ്ക്ക കട്ടാലും ആന കട്ടാലും പേര് കള്ളനെന്ന്.
- അടക്കപോലെ നിസാരമായ വസ്തുവും ആനപോലെ വലിയ വിലപിടിപ്പുള്ള വസ്തുവും മോഷ്ടിച്ചാൽ അത് മോഷണം എന്ന കുറ്റകൃത്യത്തിലാണ് പെടുക. മോഷണത്തിന് വലിപ്പച്ചെറുപ്പമില്ല.മോഷ്ടിക്കുന്നവനെ കള്ളൻ എന്നു തന്നെയാണ് വിളിക്കുക.
-
- അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?
- അടയ്ക്ക ചെറിയ വസ്തുവാണ്. അത് കൊണ്ടുനടക്കാൻ എളുപ്പമാണ്. എന്നാൽ അടയ്ക്കാമരം കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് സ്വഭാരൂപീകരണത്തെ കുറിച്ചാണ്. ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല.
-
- അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം.
- പരിതസ്ഥിതികൾ മോശമായാലും വേണ്ടില്ല, സത്സമ്പർക്കം വേണം.
-
- അടി കൊള്ളാ പിള്ള പഠിക്കില്ല.
- കുട്ടികളെ വേണ്ട ശിക്ഷ നൽകിത്തന്നെ വളർത്തണം.
- ഇംഗ്ലീഷ്: Spare the rod, spoil the child.
-
- അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ.
- ഒരു കെട്ടിടം പണിയുകയാണെങ്കിൽ അതിന്റെ അടിത്തറ ഭദ്രമാക്കണം. എങ്കിൽ മാത്രമേ അതിന് നിലനിൽപ് ഉണ്ടാവുകയുള്ളൂ. ഏതു കാര്യം ചെയ്യുമ്പോഴും അടിസ്ഥാനം ഭദ്രമാക്കണം. എങ്കിൽ മാത്രമേ അത് വിജയത്തിലെത്തുകയുള്ളൂ.
-
- അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ?
- പരിചിതമല്ലാത്ത സുഖഭോഗങ്ങൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരാൾക്ക് സുഖമായത് മറ്റൊരാൾക്ക് സുഖമാകണമെന്നില്ല എന്നും ഇതുകൊണ്ട് ധ്വനിക്കുന്നു.
-
- അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും.
- അമ്മയുടെ സ്വഭാവം പെൺമക്കളെ ഏറ്റവുമധികം സ്വാധീനിക്കും.
-
- അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല.
- നിയമങ്ങൾ അധികാരസ്ഥാനങ്ങളിലുള്ളവർക്ക് അനുകൂലമായിരിക്കും; അവർക്കിഷ്ടമല്ലാത്തവർക്ക് പ്രതികൂലവും.
-
- അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
- എന്ത് കാര്യം ചെയ്താലും, അത് നല്ലതോ ചീത്തയോ ആകട്ടെ, വ്യതസ്ത അഭിപ്രായങ്ങൾ ഉണ്ടാകും.
-
- അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന.
- അമ്മ പ്രസവവേദനയാൽ പുളയുമ്പോൾ മകൾ വീണ വായിച്ച് രസിക്കുന്നു. ഒരാൾ വിഷമസന്ധിയിൽ നിൽക്കുമ്പോൾ മറ്റൊരാൾ ആഘോഷിക്കുക എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം.
-
- അരമനരഹസ്യം അങ്ങാടിപ്പാട്ട്.
- ഒരു ചെറിയ സമൂഹത്തിൽ (അരമന) രഹസ്യമണെന്ന് കരുതിയിരിക്കുന്നത് വലിയ സമൂഹത്തിൽ (അങ്ങാടി) എല്ലാവരും അറിയുന്നതാണെങ്കിൽ ഈ ചൊല്ല് പ്രസക്തം.
-
- അരിമണിയൊന്ന് കൊറിക്കാനില്ല, കരിവളയിട്ട് കില്ലുക്കാൻ മോഹം.
- ഭക്ഷണത്തിന് തീരേയും വകയില്ലെങ്കിലും ആഡംബരമായിട്ട് ജീവിക്കാനുള്ള മനുഷ്യന്റെ അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നു.
-
- അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായയ്ക്ക് മുറുമുറുപ്പ്.
- ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം ചെയ്തശേഷവും അടങ്ങാൻ ഭാവമില്ല എന്ന നിലപാട്.
No comments:
Post a Comment